07:54am 13 November 2026
NEWS
അഞ്ചാം മന്ത്രി ആരെന്ന് തീരുമാനിക്കുക കോൺ​ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം; വിദ്യാഭ്യാസം വിട്ടുകൊടുത്താൽ ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെടാൻ ലീ​ഗ് നീക്കം
08/05/2026  09:18 AM IST
nila
അഞ്ചാം മന്ത്രി ആരെന്ന് തീരുമാനിക്കുക കോൺ​ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം; വിദ്യാഭ്യാസം വിട്ടുകൊടുത്താൽ ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെടാൻ ലീ​ഗ് നീക്കം

മലപ്പുറം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കോൺ​ഗ്രസിൽ ചർച്ചകളും കൂടിയാലോചനകളും പുരോ​ഗമിക്കവെ, വി ഡി സതീശന് അനുകൂല നിലപാട് തുടരാൻ മുസ്ലീം ലീഗ് തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നടത്തിയ പരാമർശം ലീഗ് വൃത്തങ്ങളിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ലീഗ് നേതാക്കൾ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ മാത്യു കുഴൽനാടന്റെ പ്രതികരണം അനാവശ്യ വിമർശനമായിരുന്നുവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.

അതേസമയം, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലും മുസ്ലീം ലീഗ് സജീവമാണ്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. അഞ്ചാം മന്ത്രിസ്ഥാനം കോൺഗ്രസുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനിക്കുക. വിദ്യാഭ്യാസ വകുപ്പ് ലഭിക്കാത്ത പക്ഷം ആരോഗ്യവകുപ്പോ റവന്യൂ വകുപ്പോ വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ട്.

അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകൾ ശക്തമായിരിക്കുകയാണ്. സ്റ്റാഫ് നിയമനങ്ങളും ബോർഡ്-കോർപറേഷൻ നിയമനങ്ങളും ഏകോപിപ്പിക്കാൻ പി എം എ സലാം അധ്യക്ഷനായ സമിതി രൂപീകരിക്കാനും നീക്കമുണ്ട്. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ നിയമനങ്ങൾ നടത്തരുതെന്ന കർശന നിർദേശവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img